ഭോപ്പാൽ: മധ്യപ്രദേശിലെ ട്വിഷ ശർമയുടെ മരണത്തിലെ പ്രധാനസാക്ഷിയെ ആക്രമിച്ച് കേസിലെ പ്രതിയും ട്വിഷയുടെ ഭർത്താവുമായ സമർഥ് സിംഗിന്റെ സുഹൃത്തുക്കൾ. നീരജ് ദുബെ എന്നയാൾക്കാണ് മർദനമേറ്റത്.
സമർഥ് സിംഗിന്റെ വീടിന് സമീപം സലൂൺ നടത്തുന്നയാളാണ് നീരജ് ദുബെ. സമർഥ് സിംഗിന്റെ സുഹൃത്തുക്കൾ തന്നെ ആക്രമിച്ചുവെന്നും സാക്ഷി പറയുന്നതിൽ നിന്നും പിന്മാറണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും നീരജ് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ നീരജ് ദുബെ കത്താറ ഹിൽസ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പ് നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഏപ്രിൽ 12 നാണ് ട്വിഷ ശർമയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ട്വിഷയുടെ ഭർത്താവ് സമർഥ് സിംഗിനും ഭർതൃമാതാവ് ഗിരിബാല സിംഗിനുമെതിരെ പോലീസ് കേസെടുത്തു.